Triprangode

തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം

ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ അധി പുരാതന ശിവക്ഷേത്രങ്ങളിലെ ഒന്നും കേരളത്തിലെ അഞ്ചു മഹാശിവക്ഷേത്രങ്ങളി ല്‍പെട്ടതും ആണ്.ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം കേരളത്തിലെ മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.തിരൂര്‍,കുറ്റിപ്പുറം റയില്‍വ്വെസ്റ്റേഷനുകളില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ ദൂരവും തിരുന്നാവായ റയില്‍വേ സ്റ്റേഷനില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തുമായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  View Google Map

അറുപത്-അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഹാക്ഷേത്രത്തിന്‍റെ പ്രൗഡിയോടെ കൊടികയറ്റി ഉത്സവം നടന്നതായി പഴമക്കാര്‍ പറയുന്നു. 2009 വര്‍ഷത്തില്‍ പൂര്‍ണ്ണ നവീകരണത്തോടുകൂടി നവീകരണകലശം നടത്തുകയും അതോടൊപ്പം തന്നെ കൊടിമര പ്രതിഷ്ഠ നടത്തുകയും എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.ഭഗവാന്‍റെ തിരുന്നാളായ തിരുവാതിരനാളില്‍ ആറാട്ടുവരുന്ന രീതിയില്‍ ധനുമാസത്തിലെ തിരുവാതിരക്ക് ആറാട്ടോടുകൂടി ഉത്സവം എല്ലാ വര്‍ഷവും നടന്നു വരുന്നു. ധനുമാസത്തില്‍ നടക്കുന്ന ഉത്സവാഘോഷത്തിനു പുറമെ ശിവരാത്രി മൂന്നു ദിവസങ്ങളിലായി ആഘോഷിക്കുന്നു.

മിഥുനമാസത്തിലെ പുണര്‍തം നാളില്‍ പ്രതിഷ്ഠാദിനവും, കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച നിറയും, ചിങ്ങമാസത്തിലെ ഉത്രാടം നാളില്‍ പുത്തരിയും ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ചിങ്ങമാസം ഒന്നാം തീയ്യതി ആരംഭിക്കുന്ന രീതിയില്‍ ഋഗ്വേദലക്ഷാര്‍ച്ചന ആറു ദിവസങ്ങളിലായി നടത്തി വരുന്നു. കൂടാതെ അഷ്ടമിരോഹിണി. വൈക്കത്തഷ്ടമി തുടങ്ങിയവയും ആഘോഷിക്കുന്നു.ഭഗവാന്‍റെ തിരുന്നാളായ തിരുവാതിര നാളില്‍ എല്ലാ മാസവും ഭക്തജനങ്ങളുടെ സഹായത്തോടുകൂടി അന്നദാനം വര്‍ഷങ്ങളായി മുടക്കം കൂടാതെ നടന്നു വരുന്നു.

ക്ഷേത്രമതില്‍കെട്ടിനകത്തുള്ള കുളങ്ങള്‍ക്കു പുറമെ വടക്ക് വശത്തായി മൂന്നു ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ക്ഷേത്ര ചിറയുമുണ്ട്. ഈ ചിറയിലാണ്‌ ധനുമാസത്തിലെ ഉത്സവകാലത്ത് ദേവന്‍റെ ആറാട്ട് നടത്തുന്നത്. ക്ഷേത്രത്തിലെ ദര്‍ശനക്രമം പഴമക്കാര്‍ പറഞ്ഞ് വരുന്നത് മതില്‍ക്കെട്ടിനു പുറത്തുള്ള ക്ഷേത്രചിറയില്‍ കൈകാല്‍ കഴുകി ശുദ്ധിയായി വടക്കേ ഗോപുരം വഴി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് മൂലക്ഷേത്രമായ കാരണത്തില്‍ ശിവനെ തൊഴുത് മൂന്ന്‍ തൃപാദങ്ങള്‍ തൊഴുത് വേട്ടക്കൊരുമകന്‍, ഭദ്രകാളി എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് തെക്ക് ഭാഗത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ തൊഴുത്, ഗോശാലകൃഷ്ണനേയും രക്ഷസ്സിനേയും തൊഴുത് വടക്കേ നടയിലൂടെ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ച് തൃപ്രങ്ങോട്ടപ്പനെ തൊഴുത് പാര്‍വ്വതിദേവിയേയും വണങ്ങി ഗണപതി, ദക്ഷിണാമൂര്‍ത്തി ദേവതകളെ തൊഴുത് പ്രദക്ഷിണം വെച്ച് പുറത്തു കടന്ന് വടക്കേ നടയിലുള്ള നവാമുകുന്ദനേയും തൊഴുത് മടങ്ങുന്നു.