info@triprangodesivatemple.org

Official website

തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം - ഐതിഹ്യം






ചേരരാജവംശത്തിലെ ഗോദരവിവര്‍മ്മരാജയാണ് ഏകദേശം പത്താം നൂറ്റാണ്ടില്‍ തൃപ്രങ്ങോട് ക്ഷേത്രം കണ്ടുപിടിക്കുന്നത്. പണ്ടുകാലത്ത് ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശ കാവ്യത്തില്‍ തൃപ്രങ്ങോടിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചേരരാജാവിന്‍റെ ഭരണത്തിനുശേഷം വെട്ടത്തുരാജാക്കന്മാരുടെ ഭരണത്തിലായിരുന്നു ഈ പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെ വെട്ടത്തുരാജാക്കന്മാര്‍ ആയിരുന്നു തൃപ്രങ്ങോട് ക്ഷേത്രത്തിന്‍റെ ഭരണാധികാരികള്‍. പിന്നീട് ഈസ്റ്റിന്ത്യകമ്പനി വെട്ടത്തുനാട് ഏറ്റെടുക്കുകയും ക്ഷേത്രഭരണങ്ങള്‍ കോഴിക്കോട് സാമൂതിരി രാജാവിനെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെയാണ് ശ്രീ തൃപ്രങ്ങോട് ക്ഷേത്രത്തിന്‍റെ ഭരണാധികാരം കോഴിക്കോട് സാമൂതിരി രാജാവില്‍ വന്നു ചേരുന്നത്. ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം മാർക്കണ്ഡേയ പുരാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ക്ഷേത്രമാണ്.

തിരുന്നാവായക്ക് സമീപം ശിവഭക്തനായ മൃഗണ്ഡുമുനി എന്ന മഹര്‍ഷിയും അദ്ദേഹത്തിന്റെ പത്നി മരുഡവടിയും താമസിച്ചിരുന്നു.കുട്ടികള്‍ ഇല്ലാതിരുന്ന മൃഗണ്ഡുമുനി ശിവഭഗവാനെ തപസ്സു ചെയ്യുകയും പതിനാറു വയസ്സുവരെ മാത്രം ആയുസ്സുള്ള കുട്ടി ജനിക്കുമെന്ന്‍ ഭഗവാന്‍ വരം നല്‍കുകയും ചെയ്തു. അതിബുദ്ധിമാനായ ബാലനെ മാർക്കണ്ഡേയന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പതിനാറാം ജന്മദിനത്തില്‍ യമന്‍ മാർക്കണ്ഡേയനെ പിടിക്കുന്നതിനുവേണ്ടി എത്തിയപ്പോള്‍ തിരുന്നാവായ ക്ഷേത്രത്തില്‍ പോയി അഭയം തേടിയെങ്കിലും തൃപ്രങ്ങോട് പോയി ഭഗവാന്‍ ശിവനെ അഭയം പ്രാപിക്കുക എന്ന അശരീരി കേട്ട് മാർക്കണ്ഡേയന്‍ തൃപ്രങ്ങോട് ക്ഷേത്രത്തിലേക്ക് ഓടിയെത്തിയപ്പോള്‍ ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തുള്ള കൂറ്റന്‍ ആല്‍മരം മാർക്കണ്ഡേയനെ ഭഗവാന്‍റെ സമീപം എത്താന്‍ പിളര്‍ന്നു കൊടുത്തു എന്നും പറയപ്പെടുന്നു. ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രസ്തുത ആല്‍മരം അവിടെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ആല്‍മരം പിളര്‍ന്ന് ഓടിയെത്തിയ മാർക്കണ്ഡേയന്‍ വടക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന അമ്പലത്തിലെ ശിവലിംഗത്തില്‍ കെട്ടിപ്പിടിക്കുകയും പുറകെയെത്തിയ യമന്‍ തന്‍റെ കയ്യിലുള്ള പാശം ചുഴറ്റിയെറിയുകയും പാശം ശിവലിംഗം ചുറ്റി വീഴുകയും ചെയ്തു. കോപിഷ്ഠനായ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് യമനെ നിഗ്രഹിക്കുകയും മാർക്കണ്ഡേയന് എന്നും പതിനാറു വയസ്സ് എന്ന വരം നല്‍കുകയും ചെയ്തു. കാലനെ നിഗ്രഹിച്ചതിനു ശേഷം ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കുളത്തില്‍ ശൂലം കഴുകിയെന്ന്‍ പറയപ്പെടുന്നു. ഈ കുളം “ശൂലം കഴുകിയ കുളം” എന്ന നിലയില്‍ ദേവസ്വം സംരക്ഷിച്ചു പോരുന്നു. കാലവധതിനു ശേഷം മൂന്നു ഭാവത്തില്‍ മൂന്നു പാദങ്ങള്‍ വെച്ച് ഇന്ന്‍ കാണുന്ന വലിയ ക്ഷേത്രത്തില്‍ സ്വയംഭൂ ആയി ഇരുന്നു എന്നാണ് ഐതീഹ്യം. മൂന്നു പാദങ്ങള്‍ വെച്ച സ്ഥലങ്ങളില്‍ ഒന്നാം പാദം,രണ്ടാം പാദം,മൂന്നാം പാദം എന്നിങ്ങനെ മൂന്നു ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിച്ചു വരുന്നു. ഭഗവന്‍ തൃപാദങ്ങള്‍ വെച്ച സ്ഥലം പിന്നീട് തൃപതംകോട് എന്നും പിന്നീടത് തൃപ്രങ്ങോട് എന്നും ആയി എന്നൊരു ഐതീഹ്യം കൂടിയുണ്ട്.

ഏകദേശം ആറു ഏക്കര്‍ സ്ഥലത്തായി പരന്ന്‍ കിടക്കുന്ന ഈ ക്ഷേത്ര പരിസരത്ത് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെള്ളോട്ടുകുളം എന്ന മൂന്നു ഭാഗമായി തിരിച്ചകുളവും മൂലക്ഷേത്രമായ കാരണത്തില്‍ ശിവക്ഷേത്രത്തിന് മുന്‍പിലായി ക്ഷേത്രത്തിന്‍റെ വടക്ക് പടിഞ്ഞാറെ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വെള്ളോട്ടുകുളത്തിനു തെക്കു ഭാഗത്തായി തീര്‍ത്ഥകുളം സ്ഥിതി ചെയ്യുന്നു. ഈ തീര്‍ത്ഥകുളത്തില്‍ നിന്നാണ് ക്ഷേത്രപൂജകള്‍ക്കാവശ്യമായ ജലം എടുക്കുന്നത്. വെള്ളോട്ടുകുളം എന്നറിയപ്പെടുന്ന കുളത്തിലാണ് ക്ഷേത്ര പൂജാരികള്‍ കുളിക്കുന്നത്. ഗജപൃഷ്ഠാകൃതിയിലുള്ള ഈ ക്ഷേത്രം ഒരുകാലത്ത് മഹാശിവക്ഷേത്രത്തിനുള്ള എല്ലാവിധ പ്രൌഡിയും ഉണ്ടായിരുന്നതായി ഇപ്പോഴും അവശേഷിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു. കൂത്ത്‌ മാടത്തറയും, വിളക്ക് മാടത്തറയും, വലിയബലിക്കല്‍ പുരയും, ശ്രീകോവിലിന് മുന്‍പിലുള്ള നമസ്കാര മണ്ഡപവും, പടിഞ്ഞാറെ ഗോപുരവും ഒക്കെ മഹാക്ഷേത്രമായിരുന്നു എന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്. ദിവസേന അഞ്ചു പൂജയും വാദ്യങ്ങളോടു കൂടിയ മൂന്നു ശീവേലിയും മഹാക്ഷേത്രമെന്ന സങ്കല്‍പ്പത്തിന് അടിവരയിടുന്നതാണ്. മൂലക്ഷേത്രമായ കാരണത്തില്‍ ക്ഷേത്രത്തിനു പുറമെ പടിഞ്ഞാറു ദര്‍ശനമായി സ്വയംഭൂ ആയ തൃപ്രങ്ങോട്ടപ്പനും, അതേ ശ്രീകോവിലില്‍ ഇടതുഭാഗത്തായി പാര്‍വ്വതിദേവി പ്രതിഷ്ഠയും കന്നിമൂലയില്‍ ഗണപതി, ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠകളും, നാലമ്പലത്തിനു പുറത്ത് തെക്കുഭാഗത്ത്‌ അയ്യപ്പനും, തെക്കുപടിഞ്ഞാറായി ഗോശാലകൃഷ്ണന്‍റെയും, രക്ഷസ്സിന്‍റെയും പ്രതിഷ്ഠകളും പ്രധാനശിവക്ഷേത്രത്തിനു വടക്കേ നടയിലായി നാവാമുകുന്ദപ്രതിഷ്ഠയും, കാരണത്തില്‍ ശിവക്ഷേത്രത്തിനും പ്രധാന ക്ഷേത്രത്തിനും ഇടയില്‍ തൃപാദങ്ങള്‍ക്കു പിറകിലായി വേട്ടക്കൊരുമകന്‍റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠയും കിഴക്കെ ഗോപുരത്തിന് സമീപം നാലമ്പലത്തിനുള്ളില്‍ ഉള്ള ആല്‍ത്തറയില്‍ മാർക്കണ്ഡേയന്‍ സ്മരണയും ഉണ്ട്.